കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ മുഴുവൻ ചികിത്സാ ചെലവുകളും ഏറ്റെടുത്ത് കേന്ദ്ര സർക്കാർ. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീശങ്കറിന് ഒളിമ്പിക്‌സ് സ്വപ്നങ്ങളിലേക്ക് പൂർണ്ണ പിന്തുണയേകി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഒപ്പമുണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു.
ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കില്‍ ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് താരത്തിന്റെ ലിഗമെന്റ് റീകണ്‍സ്ട്രക്ഷൻ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്‌പോർട്‌സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുക. പരുക്കുകള്‍ കായികപ്രതിഭകള്‍ക്ക് മുന്നില്‍ തടസ്സമാകരുതെന്നും, വേഗത്തില്‍ സുഖം പ്രാപിച്ച് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
കായിക താരങ്ങള്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ അടിയന്തരമായി ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
SUMMARY: Malayali long jumper Sreeshankar undergoes surgery in London; Suresh Gopi says the Centre has borne the treatment costs
















