
ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ. അമൽ എൻ. അജികുമാർ എന്ന 23 കാരനാണ് പിടിയിലായത്. ഹെബ്ബാഗൊഡി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് നിരവധി സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കണ്ടെടുത്തെന്നും ഇതെല്ലാം ഇയാള്‍ വിവിധയിടങ്ങളിൽനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു.
ഹെബ്ബാഗൊഡി വിദ്യാനഗർ പ്രദേശങ്ങളില്‍ വീടിന് പുറത്ത് അലക്കിയിടുന്ന അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് പതിവാകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അമൽ എൻ. അജികുമാറാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൂക്കിയിട്ട് സെൽഫിയെടുത്ത് ഇയാള്‍ സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. അജികുമാറിന്റെ വിഡിയോ പരിശോധിച്ച് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി അടിവസ്ത്രങ്ങളാണ് കണ്ടെടുത്തത്. ഇവയെല്ലാം സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.
അമൽ എൻ. അജികുമാർ ആറുമാസം മുൻപാണ് ബെംഗളൂരുവിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ഇയാൾക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഹെബ്ബാഗൊഡി മേഖലയിലെ ഒരു വാടകവീട്ടിൽ സുഹൃത്തിനൊപ്പമാണ് ഇയാൾ താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
SUMMARY: Malayali youth arrested in Bengaluru for stealing women’s underwear














