ബെംഗളൂരു: ശിവമൊഗ്ഗയില്‍ കുരങ്ങുപനി ബാധിച്ച് (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് -കെഎഫ്ഡി) ബാധിച്ച് 72-കാരന്‍ മരിച്ചു. സാഗർ താലൂക്കിലെ മഞ്ഞിനകാനു-ഹിരേമനെ സ്വദേശി മഞ്ഞപ്പയാണ് മരിച്ചത്. ഏപ്രിൽ 4 ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനാല്‍ മഞ്ഞപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കെഎഫ്ഡി അണുബാധ സ്ഥിരീകരിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച മരണപ്പെടുകയായിരുന്നു.
ഈ വർഷം കുരങ്ങുപനി ബാധിച്ചുള്ള ജില്ലയിലെ നാലാമത്തെ മരണമാണിത്. 2026-ൽ ഇതുവരെ ജില്ലയിൽ ആകെ 85 കെഎഫ്ഡി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 11 രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമതലത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
കുരങ്ങ് പനി വൈറൽ ഹെമറാജിക് രോഗമാണ്. ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന കുരങ്ങ് പനി, പ്രധാനമായും വനപ്രദേശങ്ങളിൽ, മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ്. കുരങ്ങുകളിൽ വൈറൽ പനിയുണ്ടാക്കുന്ന ‘ഫ്ലേവി വൈറിഡേ'(Flaviviridae,) കുടുംബത്തിൽപ്പെട്ട ആർബോ വൈറസ് (കൈസനുർ ഫോറസ്റ്റ് ഡിസീസ് വൈറസ് – KFDV) ആണ് മനുഷ്യരിലും കുരങ്ങുപനിക്കു കാരണമാകുന്നത്. സാധാരണയായി മനുഷ്യനിൽ നിന്നു മറ്റു മനുഷ്യരിലേക്ക് രോഗം പകരാറില്ല. നവംബർ മുതൽ മെയ് വരെയുള്ള വരണ്ട കാലാവസ്ഥത്തിൽ രോഗം വരാറുണ്ടെങ്കിലും ജനുവരി മുതൽ ഏപ്രിൽ വരെയാണ് രോഗ സാധ്യത കൂടുതൽ.
പെട്ടെന്നുള്ള പനി, കടുത്ത തലവേദന, പേശിവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അണുബാധ പ്രത്യക്ഷപ്പെടുന്നത്. രോഗികൾക്ക് വിറയൽ, തലകറക്കം, ഫോട്ടോഫോബിയ എന്നിവ അനുഭവപ്പെടാം. രോഗം പുരോഗമിക്കുമ്പോൾ, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. മൂക്കിൽനിന്ന് രക്തസ്രാവം, മോണയിൽനിന്ന് രക്തസ്രാവം തുടങ്ങിയവയും ഉണ്ടാകാറുണ്ട്.
SUMMARY: Monkey fever: 72-year-old dies in Shivamogga















