ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചു. ബെംഗളൂരു മിൽക്ക് യൂണിയൻ പ്രഖ്യാപിച്ച പുതുക്കിയ വില നവംബർ 4 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ നന്ദിനി ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ചെലവ് വർധിക്കും.
പുതുക്കിയ നിരക്കുകൾ പ്രകാരം ഒരു ലിറ്റർ നെയ്യിന്റെ വില 715 രൂപയിൽനിന്ന് 850 രൂപയായി ഉയർന്നു. 500 ഗ്രാം അൺസാൾട്ടഡ് വെണ്ണയുടെ വില 285 രൂപയിൽനിന്ന് 390 രൂപയായും സാൾട്ടഡ് വെണ്ണയുടെ വില 310 രൂപയിൽനിന്ന് 380 രൂപയായും വർധിപ്പിച്ചു.
പനീറിന്റെ വിലയിലും മാറ്റമുണ്ട്. ഒരു കിലോ പനീറിന് 408 രൂപയായിരുന്നത് 485 രൂപയായി ഉയർത്തി. 200 ഗ്രാം പാക്കറ്റിന് 115 രൂപയും 500 ഗ്രാം പാക്കറ്റിന് 260 രൂപയുമാണ് പുതുക്കിയ വില.
ക്ഷീരോൽപ്പന്നങ്ങളുടെ ഉൽപ്പാദന-വിതരണ ചെലവുകളിലെ വർധനയാണ് വിലമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. പാൽ, തൈര് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലമാറ്റങ്ങൾക്ക് പിന്നാലെയാണ് നെയ്യ്, വെണ്ണ, പനീർ എന്നിവയ്ക്കും പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിൽ ഉൾപ്പെടുന്ന ഈ ഉൽപ്പന്നങ്ങളുടെ വില വർധന കുടുംബങ്ങളുടെ മാസച്ചെലവിനെയും ഹോട്ടൽ, ബേക്കറി, ഭക്ഷ്യസംസ്‌കരണ മേഖലകളെയും ബാധിക്കാനിടയുണ്ട്.
SUMMARY: Nandini has increased the prices of ghee, butter, and paneer.
















