തൃശൂർ: 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 30 വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് അറസ്റ്റിലായത്. 65കാരിയായ മാർത്തയെ ആറുപവൻ സ്വർണം കവർച്ച ചെയ്യുന്നതിനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 1995 ഒക്ടോബര്‍ 31 നാണ് തൃശൂര്‍ കിഴക്കേകോട്ടയില്‍ നിഷ്ഠൂര കൊലപാതകം നടന്നത്. തനിച്ചു താമസിക്കുന്ന അറുപത്തിയഞ്ചുകാരി മര്‍ത്തയാണ് കൊല്ലപ്പെട്ടത്. ആറു പവന്‍റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. കൊരട്ടി സ്വദേശി പ്രസാദും പാലക്കാട് ഒറ്റപ്പാലം സ്വദേശി കൃഷ്ണകുമാറുമായിരുന്നു കൊലയാളികൾ. 18 വയസായിരുന്ന പ്രതി കൃഷ്ണകുമാറും സുഹൃത്തായ പ്രസാദും സംഭവത്തിന് പിന്നാലെ പോലീസിന്റെ പിടിയിലായിരുന്നു. എന്നാൽ കേസിൽ ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ ഉടൻതന്നെ ഒളിവിൽ പോവുകയായിരുന്നു.
30 വർഷത്തോളമായി കോടതി ഇയാൾക്ക് ലോങ്ങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിട്ട്. പോലീസ് കാലങ്ങളായി കൃഷ്ണകുമാറിനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാളുടെ യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. കോടതിയിൽ ട്രയൽ ആരംഭിച്ചെങ്കിലും കൃഷ്ണകുമാറിനെ ഹാജരാക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.
തൃശൂർ മേഖല ഡിഐജിയുടെ നിർദ്ദേശപ്രകാരം, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ എസിപി രാജേഷ് ടി. ആറിന്റെയും, ഈസ്റ്റ് സിഐ നന്ദകുമാറിന്റെയും നേതൃത്വത്തിൽ, 2022 മുതൽ ഈ കേസ്സ് നോക്കിയിരുന്ന പോലീസുകാരെയും ചേർത്ത് ഒരു സ്പെഷ്യൽ ടീമിനെ വെസ്റ്റ് എസ്ഐ ആദർശിന്റെ നേതൃത്വത്തിൽ പോലീസുകാരായ ഷനോജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരുൾപ്പടെ ഉള്ള ഒരു ടീമിനെ രൂപീകരിക്കുകയായിരുന്നു.
തുടരന്വേഷണത്തിൽ ഇയാൾ പേരിലും മറ്റ് ചെറിയ മാറ്റങ്ങൾ വരുത്തി യുപിയിലെ മീററ്റിൽ ഒളിവിൽ കഴിഞ്ഞു വരുന്നതായി അറിവ് കിട്ടിയതിനെ തുടർന്ന് ടീം മീററ്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ 15കൊല്ലം മുന്ന് മീററ്റിൽ വെച്ച് കൊല്ലം കാരിയായ യുവതിയെ വിവാഹം കഴിച്ച് നാട്ടിലേക്ക് പോയതായി അറിയുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കൊല്ലം കുണ്ടറയിൽ 15 കൊല്ലമായി വിവാഹം കഴിച്ചു കുട്ടികളുമായി വ്യാജ മേൽവിലാസത്തിൽ വെൽഡിങ് ജോലിയിൽ ഏർപ്പെട്ടു കഴിഞ്ഞു വരുകയാണെന്നും അറിഞ്ഞു. ഇതിനെ തുടർന്ന് യുപിയിൽ നിന്ന് പോലീസ് ടീം കൊല്ലത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. കൊല്ലത്തു വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഇയാളെ പൊലീസ് തന്ത്രപൂർവം പിടികൂടുകയായിരുന്നു. 2025 ഒക്ടോബറിലും പോലീസ് ഇയാളെ തേടി മീററ്റിൽ പോയിരുന്നു.
SUMMARY: Murder at age 18; accused who went into hiding after being released on bail is caught 30 years later.
















