ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ് അയച്ച് പട്യാല ജില്ലാ കോടതി രണ്ട് വ്യത്യസ്ത കേസുകളിലാണ് സമൻസ്. സെപ്തംബർ 2 ന് മൂവരും ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അർമാൻ മാലിക് നാല് വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെന്നും ഹിന്ദു വിവാഹ നിയമം ലംഘിക്കുന്നുവെന്നും ആരോപിച്ച് ദേവീന്ദർ രജ്പുത് സമർപ്പിച്ച ഹർജിയിലാണ് സമൻസ്.
ഹിന്ദു വിവാഹ നിയമപ്രകാരം വ്യക്തികൾക്ക് ഒരു സമയം ഒരു വിവാഹം മാത്രമേ അനുവദിക്കൂ എന്നും അർമാൻ മാലിക് ഇത് ലംഘിച്ചു എന്നുമാണ് ഹർജിയിൽ പറയുന്നത്. അർമാനും പായലും മതവികാരം വ്രണപ്പെടുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പായൽ കാളിയുടെ വേഷം ധരിച്ചിരുന്നുവെന്നും ഇത് പ്രതിഷേധത്തിന് കാരണമായെന്നും ഹർജിയിൽ പറയുന്നു. ഈ പ്രവൃത്തി മതവിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു.
സന്ദീപ് എന്ന് യഥാര്‍ഥ പേരുള്ള അര്‍മാന്‍ മാലിക്ക് ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ്. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. 2024 ജൂൺ 21 ന് ആരംഭിച്ച ബിഗ് ബോസ് ഒടിടി സീസൺ 3 ൽ തന്റെ രണ്ട് ഭാര്യമാർക്കൊപ്പം എത്തിയതോടെയാണ് അർമാൻ ശ്രദ്ധിക്കപ്പെട്ടത്.
SUMMARY: Offense of religious sentiments; Court sent summons to Armaan Malik and his wives