കാസറഗോഡ്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെ സിപിഒ സുജിത്തിനെതിരേയാണ് നടപടി. ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയാണ് സുജിത്തിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്
ജില്ലയിലെ പോലീസ് ഫ്രണ്ട്‌സ് എന്ന വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു വിവാദസന്ദേശം പ്രചരിച്ചത്. ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന ഷാജി പിണറായിക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറയ്ക്കുമെന്നായിരുന്നു അധിക്ഷേപം. സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് സംഭവത്തിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
വാട്‌സാപ്പ് സന്ദേശത്തിന്റെ പൂർണരൂപം
‘സത്യപ്രതിജ്ഞാ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌ക്കരിച്ചിരുന്നു. അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുംവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം.
എന്നാൽ ആ ഭാഗത്ത് നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌ക്കൂട്ടാകുന്ന ഒരു വർ?ഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ.എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ…നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ….’- എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശം.
SUMMARY: Policeman suspended for insulting Minister K.M. Shaji, calling him a communalist















