തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയുള്ള സമയത്താണ് നിയന്ത്രണത്തിന് സാധ്യത. മഴ കുറഞ്ഞതും അന്തരീക്ഷ താപനില ഉയർന്നുനില്‍ക്കുന്നതും വൈദ്യുതി ഉപഭോഗം ഉയരാൻ കാരണമായിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ മുൻവർഷങ്ങളിലെ ശരാശരി ആവശ്യകതയെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ഡിമാൻഡ് ഏകദേശം 1200 മെഗാവാട്ട് വരെ വർധിച്ചു.
ഇതുമൂലം ഇന്ന് 700 മുതല്‍ 900 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് നേരിടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചില്‍നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ടായി. കാറ്റാടി വൈദ്യുതി ഉല്‍പ്പാദനം കുറയാനും വൈദ്യുതി ആവശ്യകത ഉയരാനും സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെൻട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനുകളില്‍നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായിട്ടുണ്ട്.
SUMMARY: Possibility of power restrictions in the state today as well
















