കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം. 5 പേർ ബസിനടിയിൽ പെട്ടു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം.
ബസ് കാത്തുനിന്നവർക്കും കാൽനട യാത്രികർക്കുമാണ് പരുക്കേറ്റത്. കോട്ടയം -ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്ര ബസാണ് അപകടമുണ്ടാക്കിയത്. നാഗന്പടുത്തുനിന്ന് ആരംഭിച്ചു നഗരത്തിലൂടെ സർവീസ് നടത്തുന്നതാണ് ഈ ബസ് ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
എന്നാൽ അമിതവേഗമാണ് അപകട കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിന്നീട് പിടികൂടി.
സംഭവത്തെ ത്തുടർന്ന് അരമണിക്കൂറോളം നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. പോലീസെത്തി ബസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Private bus crashes onto footpath at Chanthakkavala, Kottayam; 5 injured, 2 in serious condition.















