ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും ജസ്റ്റിസ് മഹാദേവൻ ചൂണ്ടിക്കാട്ടി. പ്രതി എത്ര വലിയവനായാലും അയാള്‍ നിയമത്തിന് അതീതനല്ല എന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ജസ്റ്റിസ് പർദിവാല വാദം കേള്‍ക്കുന്നതിനിടെ അഭിപ്രായപ്പെട്ടു. ദര്‍ശനും കൂട്ടുപ്രതികള്‍ക്കും ജാമ്യം നല്‍കിയതിനെ സുപ്രിം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.
“ഹൈക്കോടതിയുടെ സമീപനമാണ് ഞങ്ങളെ അസ്വസ്ഥരാക്കുന്നത്. ജാമ്യാപേക്ഷ കൈകാര്യം ചെയ്ത രീതി നോക്കൂ. ഇത് പറയേണ്ടി വന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്, പക്ഷേ എല്ലാ ജാമ്യാപേക്ഷകളിലും ഹൈക്കോടതി സമാനമായ ഉത്തരവുകള്‍ നിർദ്ദേശിക്കുന്നുണ്ടോ,” എന്നാണ് ബെഞ്ച് ചോദിച്ചത്.
രേണുകസ്വാമി കൊലപാതകക്കേസില്‍ 2024 ജൂണിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 30 ന് ജാമ്യത്തില്‍ വിടുകയും ചെയ്തു. . ജാമ്യത്തിലിറങ്ങിയ പ്രതി കൊലക്കേസിലെ മുഖ്യസാക്ഷിക്കൊപ്പം തിയറ്ററില്‍ സിനിമ കണ്ടത് വിവാദമായിരുന്നു. ബെംഗളൂരുവിലെ ഒരു മാളില്‍ സിനിമ കാണാനായി എത്തിയ നടനെ ആരാധകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്വീകരിച്ചത്.
SUMMARY: Renukaswamy murder case: Supreme Court cancels actor Darshan’s bail