തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി ഉണ്ടാവില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സ്‌പെഷ്യല്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്കാവും മുന്‍തൂക്കം. ശബരിമല സന്നിധാനത്ത് ആകെയുള്ള 690 മുറികളില്‍ 190 മുറികളാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരുന്നത്. ഇനിമുതല്‍ 550 മുറികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുറികള്‍ക്ക് മുന്‍പ് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് സംവിധാനം ഒഴിവാക്കി പകരം 50 രൂപ മാത്രം സര്‍വീസ് ചാര്‍ജ്ജായി ഈടാക്കാനും തീരുമാനമായി.
ഹൗസ് കീപ്പിംഗ് പുറത്തുനിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കും. ശബരിമല ഗസ്റ്റ് ഹൗസിന് സമീപം പുതിയൊരു ഗസ്റ്റ് ഹൗസ് സ്ഥാപിക്കും. നവംബര്‍ ഒന്ന് മുതല്‍ 90 ദിവസം പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം ദേവസ്വം ആസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റമറ്റ രീതിയില്‍ ഇടത്താവളങ്ങള്‍ ഒരുക്കും. സന്നിധാനക്ക് തീര്‍ത്ഥകുളം നിര്‍മ്മിക്കുമെന്നും കഴിഞ്ഞ തീര്‍ത്ഥാടനത്തിനിടെ മരിച്ച ഭക്തര്‍ക്ക് ഒരുലക്ഷം രൂപ സഹായം നല്‍കുമെന്നും കെ ജയകുമാര്‍ അറിയിച്ചു.
SUMMARY: Sabarimala Ayyappa does not need publicity, Ayyappa Sangam will not happen anymore: K Jayakumar
















