കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍. ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്തത്. എസ്.പി ശശിധരന്‍ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അസുഖബാധിതനായതിനാൽ റിമാൻഡ് ചെയ്താലും ശങ്കരദാസിനെ ജയിലിലേക്ക് മാറ്റില്ല. ജഡ്ജി ആശുപത്രിയില്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. കേസില്‍ 11ാം പ്രതിയാണ് ശങ്കരദാസ്.
നേരത്തെ ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചിരുന്നു.
ശങ്കരദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടിയത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്
SUMMARY: Sabarimala gold theft: Former Devaswom Board member KP Shankaradas arrested














