കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന് ഹൈക്കോടതി എസ്‌ഐടിയോട് നിർദേശിച്ചു. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. 2025ല്‍ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായും, ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം നടത്തിയ രീതി വ്യക്തമായതായും എസ്‌ഐടി കോടതിയെ അറിയിച്ചു.
കേസ് സെപ്റ്റംബർ 3ന് വീണ്ടും പരിഗണിക്കും. 2019ല്‍ സ്വർണം പൊതിഞ്ഞ ദ്വാരപാലക പാളികളില്‍ അളവ് കുറച്ച് സ്വർണം പൂശിയ നടപടി മറച്ചുവെക്കാൻ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി എസ്‌ഐടി നേരത്തെ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. ഈ കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെയും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ചട്ടങ്ങള്‍ ലംഘിച്ച് ദ്വാരപാലക പാളികള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് സ്പോണ്‍സറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളോളം ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
SUMMARY: Sabarimala gold theft: High Court directs SIT to submit charge sheet as soon as possible.
















