ബെംഗളൂരു: കലേന അഗ്രഹാര മുതല്‍ നാഗവാര വരെ 21.24 കിലോമീറ്റര്‍ നീളുന്ന ബെംഗളൂരു നമ്മ മെട്രോയുടെ മെട്രോ പിങ്ക് ലൈനില്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള സുരക്ഷാ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നേതൃത്വത്തിൽ നടത്തുന്ന പരിശോധനയില്‍ ബ്രേക്കിംഗ് സിസ്റ്റം, സിഗ്നലിംഗ്, സ്പീഡ് ടെസ്റ്റ്, വെയ്റ്റഡ് ടെസ്റ്റ്, മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം റെയില്‍വേ ബോര്‍ഡിന്റെ സാങ്കേതിക അനുമതിക്കായി അപേക്ഷിക്കും. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതിനുശേഷമായിരിക്കും സി.എം.ആർ.എസ്. പരിശോധന നടത്തുന്നത്. സി.എം.ആർ.എസ്. അനുമതി ലഭിച്ചതിനുശേഷം സർവീസ് ആരംഭിക്കാൻ സാധിക്കും.
പാതയിലെ കലേന ആഗ്രഹാര മുതല്‍ നാഗവാര വരെയുള്ള പാതയില്‍ കാലേന അഗ്രഹാര മുതല്‍ താവരക്കരെ വരെയാണ് മേയില്‍ സര്‍വീസ് ആരംഭിക്കാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആകാശപാതയിലാണ് സര്‍വീസ് തുടങ്ങുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം. ബാംഗ്ലൂര്‍, ജെ.പി.നഗര്‍ ഫോര്‍ത്ത് ഫേസ്, ജയദേവ ആശുപത്രി, താവരക്കരെസ്റ്റേഷനുകളാണ് ആകാശപാതയിലുള്ളത്.
നഗരത്തിന്റെ തെക്ക്-വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈനില്‍ 18 സ്റ്റേഷനുകളാണ് ആകെ ഉള്ളത്. ഡയറിസര്‍ക്കിള്‍, ലക്കസാന്ദ്ര, ലാങ്ഫോഡ്ടൗണ്‍, നാഷണല്‍ മിലിട്ടറി സ്‌കൂള്‍, എം.ജി.റോഡ്, ശിവാജിനഗര്‍, കണ്ടോണ്‍മെന്റ്, പോട്ടറി ടൗണ്‍, താന്നറി റോഡ്, വെങ്കിടേശപുര, കാടുഗുണ്ടനഹള്ളി എന്നിവയാണ് മറ്റ് സ്റ്റേഷനുകള്‍. താവരക്കരെ മുതല്‍ നാഗവാര വരെ തുരങ്കപാതയില്‍ ഡിസംബറില്‍ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
SUMMARY: Safety inspection on Pink Line to begin in a week; service to begin in May















