ബെംഗളൂരു: നഗരത്തിലെ കാമ്പസുകളില്‍ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ ‘സന്‍മിത്ര’ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 31 വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. 6 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 2 ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നു 1200 വിദ്യാര്‍ഥികളുടെ മൂത്ര സാംപിളുകള്‍ ശേഖരിച്ചതില്‍ 585 എണ്ണമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍ 31 സാംപിളുകളാണ് പോസിറ്റീവായത്.
ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ പോലീസിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ കാമ്പസുകളില്‍ പരിശോധന നടത്തിയത്. ഡിജിപി എം.എ.സലീമാണ് ‘സന്‍മിത്ര’ യജ്ത്തിനു നേതൃത്വം നല്‍കുന്നത്. പോലീസിനു പുറമെ ഡോക്ടര്‍മാരും മറ്റു ആശുപത്രി ജീവനക്കാരുമൊക്കെ ഈ യജ്ഞത്തിന്റെ ഭാഗമാണ്. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ലഹരിമരുന്നിനെതിരെ കര്‍ശന നീക്കമാണ് പോലീസ് നടത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 2,378 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷം 6,825 ലഹരി കേസുകളാണ് രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ തന്നെ 2500-ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ബെംഗളൂരു അടക്കം സംസ്ഥാനത്തുടനീളം ലഹരി മരുന്നുവില്‍പ്പനയും ഉപഭോഗവും തടയാന്‍ പോലീസ് പ്രത്യേക പരിശോധനയും നടത്തിവരികയാണ്.
SUMMARY: ‘Sanmitra’ drive on campuses; 31 students found using drugs















