
ഡല്‍ഹി: ശബരിമല സ്വർണക്കൊള്ളയില്‍ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രിംകോടതി. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി തള്ളി. ‘ദൈവത്തെ കൊള്ളയടിച്ചില്ലേ’ എന്നാണ് കോടതി വാസുവിനോട് ചോദിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രിംകോടതിയില്‍ പോയത്.
അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി അനിവാര്യമല്ലെന്നും വാസുവിന്റെ അഭിഭാഷകൻ വാദിച്ചു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. സ്വർണപാളികള്‍ വീണ്ടും സ്വർണം പൂശിയത് എന്തിന് എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ചോദിച്ചു.
അതേസമയം, ശബരിമല സ്വർണകൊള്ളയില്‍ റിമാൻഡിലുള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം തേടിയാണ് മുരാരി ബാബു കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തില്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കാനാണ് സാധ്യത.
SUMMARY: Sabarimala gold theft: Setback for N Vasu, Supreme Court rejects bail plea














