ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം മുതൽ നിലവിൽ വരുമെന്ന് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു – മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ വിശദമായ സമയക്രമങ്ങളും അധികൃതർ പുറത്തുവിട്ടു. ഈ പുതിയ സർവീസ് യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് വെറും 16 മണിക്കൂർ കൊണ്ട് യാത്രക്കാർക്ക് മുംബൈയിൽ എത്തിച്ചേരാൻ സാധിക്കും.
ബെംഗളൂരുവിൽ നിന്നും രാത്രി 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 1.50-ഓടെ മുംബൈയിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് മുംബൈയിൽ നിന്ന് രാത്രി 10.30-ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 2.50-ഓടെ ബെംഗളൂരുവിൽ തിരിച്ചെത്തും.
ഈ റൂട്ടിൽ ബെംഗളൂരുവിനും മുംബൈക്കും ഇടയിൽ ആകെ 6 പ്രധാന സ്റ്റോപ്പുകളാണ് റെയിൽവേ അനുവദിച്ചിട്ടുള്ളത്. അനന്ത്പൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നീ പ്രമുഖ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക. ഇരു ദിശകളിലേക്കും ആഴ്ചയിൽ 6 ദിവസമാണ് ഈ വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉണ്ടായിരിക്കുക. ഇതിൽ ബെംഗളൂരുവിൽ നിന്നുള്ള സർവീസ് തിങ്കളാഴ്ചകളിലും, മുംബൈയിൽ നിന്നുള്ള സർവീസ് ചൊവ്വാഴ്ചകളിലും ഉണ്ടായിരിക്കുന്നതല്ല.
യാത്രാസമയമാണ് പുതിയ ട്രെയിനിന്റെ പ്രധാന പ്രത്യേകതക. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ യാത്ര ഏകദേശം 16 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ പ്രധാന നേരിട്ടുള്ള ട്രെയിനുകളിലൊന്നായ ഉദ്യാൻ എക്സ്പ്രസിന് ഈ ദൂരം പിന്നിടാൻ ഏകദേശം 22 മണിക്കൂർ വേണ്ടിവരുന്നുണ്ട്.
ബെമലിന്റെ നേതൃത്വത്തിൽ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി വികസിപ്പിച്ച പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ട് 16 കോച്ച് ട്രെയിൻ സെറ്റുകളാണ് ബെംഗളൂരു മുംബൈ റൂട്ടിൽ ഉപയോഗിക്കുക. ഇതിൽ ഒരു ട്രെയിൻ സെറ്റ് നിലവിൽ ബെംഗളൂരു കന്റോൺമെന്റിലും മറ്റൊന്ന് ബംഗാർപേട്ടിന് സമീപമുള്ള വരദാപുരയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
SUMMARY:South India’s first Vande Bharat Sleeper train to run on the Bengaluru–Mumbai route; schedule announced.
















