ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29-ാമത് പതിപ്പ് ഒക്ടോബർ 10, 11, 12 തീയതികളിൽ മംഗളൂരുവില്‍ നടക്കും. ബെംഗളൂരു ശിവജി നഗറിൽ വച്ച് നടന്ന പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യ ഡയറക്ടറുമായ ഫൈസൽ മൗലവി ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാര്‍ഥി സമൂഹത്തിന് ധാർമിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പ്രൊഫഷണല്‍ മേഖലയിലെ പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗത്തെ കുറിച്ച് ബോധവൽക്കരിക്കുക, വിദ്യാര്‍ഥികളുടെ കഴിവുകളും മികവുകളും രാജ്യനന്മക്കും സാമൂഹ്യരംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രോഫ്കോണ്‍ വർഷംതോറും സംഘടിപ്പിക്കുന്നത്. സിന്തറ്റിക് ഡ്രഗ്ഗുകളടക്കം വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി വ്യാപനം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അക്രമ രാഷ്ട്രീയം, ഡിപ്രഷൻ പോലുള്ള മാനസികാവസ്ഥകൾ, ആത്മഹത്യാ പ്രവണത തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിരോധമാണ് പ്രോഫ്കോണിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നും പ്രധാന പ്രൊഫഷണൽ ക്യാമ്പസുകളിൽ നിന്നുമുള്ള വിദ്യാർഥി വിദ്യാർഥിനികൾക്കായി 5 വ്യത്യസ്ത വേദികളിൽ, മലയാളം, ഇംഗ്ലീഷ്, കന്നട തുടങ്ങിയ ഭാഷകളിൽ കൂടുതൽ വൈവിധ്യങ്ങളോടെയാണ് ഇത്തവണ ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രഖ്യാപന സമ്മേളനത്തിന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റൈഹാൻ ഷഹീദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വിസ്‌ഡം പണ്ഡിതസഭാംഗം ഷബീബ് സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ മാജിദ് ചുങ്കത്തറ, സെക്രട്ടറി മുജാഹിദ് അൽ ഹികമി പറവണ്ണ, വിസ്‌ഡം ബെംഗളൂരു റീജ്യൺ സെക്രട്ടറി മുഹമ്മദ് ഹാരിസ്, വിസ്‌ഡം സ്റ്റുഡന്റ്സ് ബെംഗളൂരു റീജ്യൺ സെക്രട്ടറി ഫൗസാൻ ഇബ്നു ഫിർദൗസ് തുടങ്ങിയവർ സംസാരിച്ചു.
SUMMARY: The 29th Wisdom Profcon will be held in Mangaluru on October 10, 11, and 12.