തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആവേശം വാനോളമുയർത്തി മുന്നണികൾ അവസാനഘട്ട പ്രചാരണത്തിലാണ്. നാളെയാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആവേശകരമായ കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. ബിജെപിയുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, ബിജെപി ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്.
വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും.ഭരണവിരുദ്ധ വികാരവും സിപിഎം-ബിജെപി ഡീലും ശബരിമല സ്വർണക്കൊള്ളയും ഇന്ദിരാ ഗാരന്റിയുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമെമ്പാടും വോട്ടായി അലയടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇതാണ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന യുഡിഎഫ് അവകാശവാദത്തിന്റെ കരുത്ത്.
കഴിഞ്ഞ 10 വർഷമായി ജനങ്ങൾ നേരിട്ട് അനുഭവിച്ച ഭരണനേട്ടങ്ങളാണ് തുടർഭരണമെന്ന എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷയ്ക്കു പിന്നിൽ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രചാരണരംഗത്ത് ഇടതുമുന്നണി ആയുധമാക്കുമ്പോൾ, മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി രാഷ്ട്രീയം ഇത്തവണ സിപിഎം കാര്യമായ ചർച്ചാവിഷയമാക്കുന്നില്ല. യുഡിഎഫ് രാഷ്ട്രീയം വിവാദമാക്കുമ്പോൾ, ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞാണ് സിപിഎമ്മിന്റെ പ്രതിരോധം.
ജയ സാധ്യതയുള്ള ചില സീറ്റുകളിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയുടെ അവസാനഘട്ട പ്രചാരണം. അവസരം തന്നാൽ മറ്റു സംസ്ഥാനങ്ങളിലേതു പോലെയുള്ള വികസനം കേരളത്തിലേക്ക് കൊണ്ടുവരാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രഖ്യാപിക്കുന്നത്. എൽഡിഎഫ്- യുഡിഎഫ് ഒത്തുകളിയും വികസനവുമൊക്കെ ബിജെപി പ്രചാരണവിഷയങ്ങളാക്കുന്നു. മൂന്നു മുതൽ ഏഴു വരെ സീറ്റുകൾ നേടുമെന്നാണ് എൻഡിഎ പ്രതീക്ഷ.
SUMMARY: Three more days until Kerala reaches polling booths; Campaigning to end today







