തിരുവനന്തപുരം: പാൻ ഇന്ത്യൻ കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്പ്സ് സിനിമയുടെ ടീസർ പുറത്ത്. ഭയാനകവും, രക്തരൂക്ഷിതവും, അക്രമാസക്തവുമായ ദൃശ്യാനുഭവമാണ് ടീസറിൽ ഒരുക്കിയിരിക്കുന്നത്. അടിമുടി യഷ് ഷോയാണ് ട്രെയിലർ. ആദ്യം മുതൽ അവസാനം വരെ യഷിൻ്റെ ആധിപത്യം ട്രെയിലറിലുണ്ട്. സമ്മിശ്ര പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.
ടോക്സിക്കിൽ രായ എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. യാഷിൻ്റെ ജന്മദിനമായ ജനുവരി 8 ന് ആണ് ടോക്സിക്കിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഫസ്റ്റ് ലുക്കിലെ രംഗങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാകും യാഷ് എത്തുകയെന്നാണ് റിപ്പോർട്ട്. നയൻതാര, രുക്മിണി വസന്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്, കന്നഡ, ഇംഗ്ലീഷ് തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും. മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്.
ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിൻ്റെയും ബാനറിൽ വെങ്കട്ട് കെ നാരായണനും യപ്പ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 19ന് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.















