വാഷിങ്ടണ്‍ ഡിസി: യുദ്ധക്കൊതി തീരാതെ വീണ്ടും നിലവിട്ട പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു നാഗരികത മുഴുവന്‍ ഇന്ന് ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ചത്തൊടുങ്ങുമെന്നാണ് ട്രംപിന്റെ വാക്കുകള്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഭീഷണി.
“ഒരു വലിയ നാഗരികത ഇന്ന് രാത്രി മരിക്കും, അത് ഇനി ഒരിക്കലും തിരിച്ചുവരില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും,” ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ട്രംപ് തന്റെ സ്വരത്തില്‍ മാറ്റം വരുത്തുകയും ചെയ്തു.
“എന്നിരുന്നാലും, ഇപ്പോള്‍ നമുക്ക് പൂർണമായ ഭരണമാറ്റം ലഭിച്ചിരിക്കുന്നു, അവിടെ വ്യത്യസ്തവും മിടുക്കരുമായ, തീവ്ര ചിന്താഗതിയില്ലാത്തവരും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിപ്ലവകരമായ എന്തെങ്കിലും അത്ഭുതങ്ങള്‍ നടന്നേക്കാം, ആർക്കറിയാം?” അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ എഴുതി. “ലോകത്തിന്റെ ദീർഘവും സങ്കീർണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായ ഇന്ന് രാത്രി നമ്മള്‍ അത് കണ്ടെത്തും.”
ഇറാൻ പതിറ്റാണ്ടുകളായി കൊള്ളയും അഴിമതിയും മരണവുമാണ് വിതയ്ക്കുന്നതെന്ന് ആരോപിച്ച പ്രസിഡന്റ്, അത്തരം പ്രവൃത്തികളുടെ ’47 വർഷങ്ങള്‍’ ഇന്ന് അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു.
SUMMARY: Trump intensifies threat against Iran















