ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ. മൈസൂരു സ്വദേശി അരവിന്ദ് (47), ചെന്നൈ സ്വദേശി വെങ്കട സുബ്രഹ്മണ്യൻ (60) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 338 കള്ളനോട്ടുകളും, നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച ഫോട്ടോകോപ്പി മെഷീൻ, ലാപ്‌ടോപ്പ്, കാർ, മൊബൈൽ ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
ഇക്കഴിഞ്ഞ 3 ന്, കുമ്പളഗോഡു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിഡിഎ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഒരാൾ കള്ളനോട്ടുകൾ പ്രചരിപ്പിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കെഞ്ചനപുര ക്രോസിന് സമീപം നടത്തിയ പരിശോധനയിലാണ് അരവിന്ദിനെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ, നോട്ടുകൾ അച്ചടിച്ച് ചെന്നൈയിലെ കൂട്ടാളിക്ക് കൈമാറിയിരുന്നുവെന്ന് പ്രതി സമ്മതിച്ചു എളുപ്പത്തിൽ പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ കറൻസി അച്ചടിച്ച് വിൽപ്പന നടത്തിയതെന്നും ഇയാൾ മൊഴി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈയിലെ മാരുതി നഗറിൽ നടത്തിയ പരിശോധനയില്‍ വെങ്കട സുബ്രഹ്മണ്യനെയും അറസ്റ്റ് ചെയ്തു. കള്ളനോട്ട് ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് നോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
SUMMARY: Two arrested with 500 rupee notes
















