ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 5:23-ഓടെയാണ് ഭൂചലനമുണ്ടായത്.
ഹൊക്കൈഡോയുടെ തെക്കൻ മേഖലയിൽ ഭൂമിക്കടിയിൽ 83 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. ജനവാസം കുറഞ്ഞ മേഖലയായതിനാൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചിട്ടുണ്ടെങ്കിലും തീരദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് തവണയാണ് പ്രദേശം കുലുങ്ങിയത്. ഹൊക്കൈഡോയിലെ ഭൂചലനത്തിന് തൊട്ടുമുമ്പ് കടലിൽ 5.0 തീവ്രതയുള്ള മറ്റൊരു ചലനവും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വടക്കൻ ഇവാത്തെ പ്രവിശ്യയിലുണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവാത്തെയിലുണ്ടായ ഭൂചലനത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെറിയ തോതിൽ സുനാമി തിരമാലകൾ അടിക്കുകയും ചെയ്തിരുന്നു.
ഭൂചലനത്തെത്തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും പാറകൾ വീഴുന്നതിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസി നിർദ്ദേശിച്ചു. വരും ആഴ്ചകളിലും സമാനമായ തീവ്രതയുള്ള തുടർച്ചലനങ്ങൾ ഉണ്ടായേക്കാം. ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്ന ജപ്പാനിൽ പ്രതിവർഷം ശരാശരി 1,500-ഓളം ഭൂചലനങ്ങളാണ് അനുഭവപ്പെടാറുള്ളത്. നിലവിലെ സാഹചര്യം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
SUMMARY: Two earthquakes in Japan within hours; alert issued














