ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം. അൽപൈൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും യുവ ഹാൻഡ്‌ബോൾ താരവുമായ അൻഷിക റായ് ആണ് മരിച്ചത്.
അടുത്ത ദിവസം നടക്കാനിരുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം. സ്കൂട്ടറിന്റെ പിന്നിലിരുന്ന് പ്രാക്ടീസിനായി പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇഷ്ടിക കയറ്റിയ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വരികയായിരുന്നു. ഇതോടെ പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഇവർ റോഡിലേക്ക് വീണു. സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അൻഷിക വീണത് ട്രാക്ടറിന്റെ ചക്രത്തിനടിയിലേക്കായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ സമീപത്തെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല.
ട്രാക്ടർ ട്രോളിയിൽ ഏകദേശം 20 ടണ്ണോളം ഭാരം ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായ പിതാവും വീട്ടമ്മയായ മാതാവും 13 വയസ്സുള്ള സഹോദരനും അടങ്ങുന്നതാണ് അൻഷികയുടെ കുടുംബം.
ബട്ടിൻഡയിൽ വെച്ച് ആരംഭിക്കാനിരുന്ന സംസ്ഥാനതല ഹാൻഡ്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അൻഷിക. മിടുക്കിയായ ഒരു കായിക താരത്തിന്റെ പെട്ടെന്നുള്ള വേർപാട് കുടുംബത്തെയും സഹപാഠികളെയും സ്കൂൾ അധികൃതരെയും കായിക ലോകത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്.
SUMMARY: Tragic end mid-journey; tractor runs over head of young handball player who fell from scooter..
















