ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം കുളത്തിൽ മുങ്ങിമരിച്ചു. ചിന്താമണി സ്വദേശി മുനിനാരായണപ്പ (60), കൊച്ചുമക്കളായ യശ്വിൻ (10), പ്രജ്ജ്വൽ (11) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ഹുസീനപുരയിലെ ആഞ്ജനേയസ്വാമി ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. എന്നാൽ രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഫാം കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
കുളത്തിൽ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുനിനാരായണപ്പയും വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, കൃഷിസ്ഥലത്തെ കുളത്തിന് സമീപം വൈദ്യുത ലൈനുകളും പമ്പ് സെറ്റുകളും ഉള്ളതിനാൽ ഷോക്കേറ്റാണോ അപകടം സംഭവിച്ചതെന്ന സംശയവും കുടുംബാംഗങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.
വിവരമറിഞ്ഞെത്തിയ ചിന്താമണി റൂറൽ പോലീസ് ഇൻസ്പെക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ചിന്താമണി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: A grandfather and his two grandchildren drowned in a pond while visiting a temple in Chikkaballapur.
















