കൊച്ചി: ബാലവിവാഹ നിരോധന നിയമം (2006) എല്ലാ വ്യക്തിനിയമങ്ങൾക്കും മുകളിലാണെന്ന് ഹൈക്കോടതി. നിയമത്തിലെ വ്യവസ്ഥകൾ ജാതിമത ഭേദമെന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇത്തരവിട്ടു. പൗരത്വമാണ് പ്രഥമം. മതം അതിനു പിന്നിലാണ്. ബാലവിവാഹത്തിന്റെ പേരിൽ വടക്കഞ്ചേരി പൊലീസെടുത്ത കേസിൽ ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടെ വിചാരണനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ചു പ്രതികൾ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ്.
2012 ഡിസംബർ 30ന് വിവാഹിതയായപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരൻ ശിശുവികസന ഓഫീസർക്ക് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ്, വരൻ, മഹല്ല് ഭാരവാഹികൾ, സാക്ഷി എന്നിവരാണ് പ്രതികൾ.ഋതുമതിയായാൽ വിവാഹിതയാകാമെന്നത് മുസ്ലീം വ്യക്തിനിയമപ്രകാരം പെൺകുട്ടിയുടെ അവകാശമാണെന്ന് ഹർജിക്കാർ വാദിച്ചു. ശരീഅത്തിൽ 15 വയസാണ് കുറഞ്ഞപ്രായപരിധി. അതിനാൽ കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ബാലവിവാഹ നിയമം വ്യക്തിനിയമങ്ങൾക്ക് അതീതമാണെന്ന് അമിക്കസ് ക്യൂറിയും സർക്കാരും ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ മുൻകാല വിധികളടക്കം പരിശോധിച്ച ഹൈക്കോടതി ഇത് ശരിവച്ചു.
ബാലവിവാഹത്തിനെതിരെ ആർക്കും പരാതി നൽകാമെന്ന വ്യവസ്ഥയടക്കം കേരള ബാലവിവാഹ നിരോധനച്ചട്ടങ്ങളിൽ ഉൾപ്പെടുത്തിയത് ഈ തിന്മ തുടച്ചുമാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾക്കും വിരുദ്ധമായ കർമ്മമാണിതെന്ന് ഹൈക്കോടതി വിലയിരുത്തി.