ന്യൂഡൽഹി: പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ലെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം. പതിനാലാമത് ‘പാസ്‌പോർട്ട് സേവാ ദിവസി’നോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ ശരാശരി 45 മിനിറ്റ് മാത്രമാണ് ചെലവഴിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാസ്‌പോര്‍ട്ടിന്റെ ഉടമസ്ഥാവാകാശം വ്യക്തികള്‍ക്കില്ലെന്നും അതിന്റെ പിന്‍വശത്ത് ഇത് സര്‍ക്കാരിന്റെ സ്വത്താണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അത് തിരികെ നല്‍കേണ്ടതാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവെ, ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമരേഖയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് കേവലം വ്യക്തിവിവര രേഖമാത്രമാണ്. വോട്ടര്‍ ഐഡിയും പൗരത്വ രേഖയായി കണക്കാക്കുന്നില്ല.
വിവിധ സർക്കാർ ഏജൻസികളിൽനിന്ന് ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ, വളരെയധികം സൂക്ഷ്മതയോടെ, ഒരുപാട് പ്രക്രിയകൾക്കൊടുവിലാണ് ഒരു പാസ്പോർട്ട് നൽകുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇ പാസ്പോർട്ടുകൾ ഉയർന്ന സുരക്ഷ ഉറപ്പുവരുത്തുന്നു. വ്യാജരേഖാ നിർമാണം ചിപ്പ് അധിഷ്ടിത പാസ്പോർട്ടിൽ നടക്കില്ല. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ സുഗമമായി നടപ്പിലാക്കാനാകുമെന്നും വിദേശകാര്യ മന്ത്രാലയം അടിവരയിട്ടു പറഞ്ഞു.
ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം നൽകുന്ന രാജ്യങ്ങളുടെ എണ്ണം 27 ആയി ഉയർന്നുവെന്ന്, 2019 ൽ ഇത് 16 രാജ്യങ്ങൾ മാത്രമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. 47 രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യവും, 66 രാജ്യങ്ങൾ ഇലക്ട്രോണിക് വിസ സൗകര്യവും നൽകുന്നുണ്ട്. സമീപകാലത്ത് യൂറോപ്യൻ രാജ്യങ്ങളുമായി നിരവധി മൊബിലിറ്റി കരാറുകൾ ഒപ്പുവച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
SUMMARY: Passport is only a travel document, not proof of citizenship, says Ministry of External Affairs
















