ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറിയിച്ചു. വീടുവിട്ടിറങ്ങിയവരും വഴിതെറ്റിയവരും മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള അപകടസാധ്യത നേരിട്ടിരുന്ന കുട്ടികളെയുമാണ് അധികൃതർ സമയോചിതമായി കണ്ടെത്തി സംരക്ഷിച്ചത്.
റെയിൽവേ സ്റ്റേഷനുകളിലെ ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ എന്ന പ്രത്യേക രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ കുട്ടികളെ കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇടപെട്ട് അവരുടെ വിവരങ്ങൾ ശേഖരിക്കുകയും, ആവശ്യമായ കൗൺസിലിംഗിന് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായത്തോടെ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ കണ്ടെത്തി കൈമാറുകയും ചെയ്യുന്നു.
റെയിൽവേ സ്റ്റേഷനുകൾ മനുഷ്യക്കടത്ത് സംഘങ്ങൾ ലക്ഷ്യമിടാൻ സാധ്യതയുള്ള ഇടങ്ങളായതിനാൽ, ആർ.പി.എഫ്., ഗവൺമെന്റ് റെയിൽവേ പൊലീസ് ചൈൽഡ് ഹെൽപ്ലൈൻ, വിവിധ സന്നദ്ധസംഘടനകൾ എന്നിവ സംയുക്തമായാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യാത്രക്കാരും സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ റെയിൽവേ ഹെൽപ്ലൈൻ 139 അല്ലെങ്കിൽ സമീപത്തെ ആർ.പി.എഫ്. ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
SUMMARY: 10 children rescued at Bengaluru railway station in July; ‘Operation Nanhe Farishte’ shows results
















