ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഹലസൂരു തടാകത്തിൽ നടക്കുന്ന കൂട്ടായ ഗണേശ വിഗ്രഹ നിമജ്ജനവും ഇതുമായി ബന്ധപ്പെട്ട ഘോഷയാത്രകളും പരിഗണിച്ചാണ് ബെംഗളൂരു ട്രാഫിക് പോലീസ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
കെ.ജി. ഹള്ളി, പുളകേശിനഗർ, ലിംഗരാജപുരം, ബാനസവാടി എന്നീ ട്രാഫിക് പോലീസ് പരിധികളിലൂടെയാണ് പ്രധാന നിമജ്ജന ഘോഷയാത്രകൾ കടന്നുപോകുന്നത്. കെ.ജി. ഹള്ളി, പുളകേശിനഗർ മേഖലകളിൽ ഇന്ന് രാവിലെ 11 മുതൽ പിറ്റേന്ന് പുലർച്ചെ നാല് മണിവരെയും ലിംഗരാജപുരം, ബാനസവാടി മേഖലകളിൽ രാവിലെ 11 മുതൽ രാത്രി 10 മണിവരെയും നിയന്ത്രണം തുടരും.
നാഗവാര മെയിൻ റോഡ്, ടാനറി റോഡ്, ഡേവിസ് റോഡ് എന്നിവിടങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. നാഗവാര ജംഗ്ഷൻ മുതൽ പോട്ടറി സർക്കിൾ വരെയുള്ള ഭാഗത്തും നിയന്ത്രണം ഏർപ്പെടുത്തും. നെതാജി ജംഗ്ഷൻ, പോട്ടറി സർക്കിൾ, ക്ലാർക്ക് റോഡ്, റോജേഴ്സ് റോഡ്, ആംസ്‌ട്രോങ് റോഡ്, ഹാൾ റോഡ്, മോസ്‌ക് ജംഗ്ഷൻ, ക്ലാരൻസ് ബ്രിഡ്ജ്, ലാസർ റോഡ്, പോട്ടറി റോഡ് എന്നിവിടങ്ങളിലും ഗതാഗത ക്രമീകരണങ്ങൾ ഉണ്ടാകും.
— ಬೆಂಗಳೂರು ಸಂಚಾರ ಪೊಲೀಸ್ BengaluruTrafficPolice (@blrcitytraffic) September 17, 2026
അസെയ് റോഡിലും ഗതാഗത ദിശയിൽ മാറ്റം വരുത്തും. വാർ മെമ്മോറിയൽ ജംഗ്ഷനിൽ നിന്ന് സിന്ധി കോളനി ജംഗ്ഷൻ ഭാഗത്തേക്ക് മാത്രമായിരിക്കും വാഹനങ്ങൾക്ക് ഒരുവഴി ഗതാഗതം അനുവദിക്കുക. ബാണസവാടി മേഖലയിലെ ചന്ദ്രിക ജംഗ്ഷൻ, ലിംഗരാജപുരം, ഹെെന്നൂർ ബ്രിഡ്ജ്, നെഹ്റു റോഡ്, ഉള്ളസപ്പ ജംഗ്ഷൻ, കുവേംപു സർക്കിൾ, കല്യാൺ നഗർ 80 അടി റോഡ്, ഐ.ഒ.സി. ബ്രിഡ്ജ് തുടങ്ങിയ ഭാഗങ്ങളിലും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണമുണ്ടാകും. നിമജ്ജന പരിപാടിയുടെ സമയത്ത് തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ നിയന്ത്രിത റോഡുകൾ പരമാവധി ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. യാത്രക്കാർ ബദൽ റോഡുകൾ ഉപയോഗിക്കാനും പോലീസ് നിർദേശിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗണേശ വിഗ്രഹ നിമജ്ജനത്തിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വലിയ തോതിൽ ആളുകളും വാഹനങ്ങളും എത്താൻ സാധ്യതയുള്ളതിനാൽ പ്രധാന ജംഗ്ഷനുകളിൽ അധിക ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഘോഷയാത്രയുടെ നീക്കത്തിനനുസരിച്ച് ചില റോഡുകളിൽ താൽക്കാലികമായി ഗതാഗതം പൂർണമായി തടയാനും സാധ്യതയുണ്ട്.
SUMMARY: Ganesha idol immersion; traffic restrictions in Halasuru area today.
















