ഇംഫാല്‍: മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 11 പേര്‍ മരിച്ചു. 181 പേരെ ഗുരുതരാവസ്ഥയില്‍ സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. പ്രാദേശികമായി നിർമിച്ചതായി കരുതുന്ന മദ്യമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സംശയം.
ഇംഫാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ചന്ദേല്‍ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് സംഭവം. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്. ലാംഫെല്‍പാട്ടിലെ ഷിജ ആശുപത്രിയില്‍ 140 പേരും സജിവയിലെ ബബിന ആശുപത്രിയില്‍ 41 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ചന്ദേൽ ജില്ലയിൽ ചികിത്സാസൗകര്യങ്ങൾ ശക്തിപ്പെടുത്താൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെയും ആവശ്യമായ മരുന്നുകളും അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംശയാസ്പദമായ മദ്യവും ഉറവിടം വ്യക്തമല്ലാത്ത പ്രാദേശിക മദ്യവും ഉപയോഗിക്കരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മദ്യം കഴിച്ചതിനുശേഷം ഛർദി, വയറുവേദന, തലകറക്കം, കാഴ്ചമങ്ങൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാൽ ഉടൻ ചികിത്സ തേടണം. മദ്യം കഴിച്ചവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വൈദ്യപരിശോധന നടത്തണമെന്നും അധികൃതർ നിർദേശിച്ചു.
SUMMARY: 11 Dead, 181 Hospitalised After Consuming Toxic Liquor In Manipur
















