ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ മുപ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. സുഡാനില്‍ ഉടനീളമുള്ള ആയിരത്തോളം ചെറുകിട ഖനികളിലൊന്നിലാണ് അപകടം സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ സുഡാനിലെ രണ്ടാമത്തെ ഖനിയിലാണ് അപകടം നടക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച പടിഞ്ഞാറന്‍ സുഡാനിലെ മറ്റൊരു സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ 82 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് സുഡാനിലെ ഖനികളില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാകുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ദിവസവേതനത്തില്‍ നിരവധി യുവാക്കളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
ഖനനത്തിനായി മതിയായ ഉപകരണങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും കൈകളും ഷവലുകളും പിക്കാസുകളും ഉപയോഗിച്ചാണ് ഇവിടെ ഖനന പ്രവൃത്തികള്‍ നടന്നതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. രാസവസ്തുക്കളില്‍ നിന്നുള്ള വിഷബാധയും ഇത്തരം അപകടങ്ങളും ഖനികളിലെ തൊഴിലാളികളുടെ ജീവനെടുക്കുന്നത് സ്ഥിരംസംഭവമാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ ഖനിയിലെ തൊഴിലാളികള്‍ ആരോപിക്കുന്നു.
ശനിയാഴ്ച രാത്രിയോടെയാണ് ഖനിയുടെ ഒരു ഭാഗം തകര്‍ന്നുവീഴാന്‍ തുടങ്ങിയതെന്നാണ് പ്രദേശത്ത് ജോലി ചെയ്തിരുന്ന അബ്ദല്‍ഹായ് ഖരീഫ് അബാകര്‍ പറഞ്ഞത്. ഞായറാഴ്ചയോടെ 11 മൃതദേഹങ്ങള്‍ പുറത്തെടുത്തതായും 30 പേരെ രക്ഷപ്പെടുത്തിയതായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സുഡാനീസ് മിനറല്‍ റിസോഴ്സസ് കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കാണാതായ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ കമ്പനി അനുശോചനം രേഖപ്പെടുത്തിയെങ്കിലും അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
SUMMARY: 11 workers died after a gold mine collapsed in northeastern Sudan















