ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ 152 പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളാണ് രാജ്യത്ത് സംഭവിച്ചത് എന്നും ഒന്നില്‍ പോലും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രത്യേക വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
സിജെപി പ്രതിഷേധത്തിൽ ഡൽഹി പോലീസ് വിദ്യാർഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ സുരക്ഷാ സേന ആയുധങ്ങൾ ചൂണ്ടുന്നതും അവരെ മർദ്ദിക്കുന്നതും ചൂണ്ടിക്കാട്ടിയ അദ്ദേഹം വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചു. രാജ്യത്തെ വിദ്യാർഥികൾ എന്ന നിലയിൽ തങ്ങൾക്ക് അർഹമായ നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായം മാത്രമാണ് അവർ ആവശ്യപ്പെടുന്നത്.
പരീക്ഷാ ചോദ്യപേപ്പറുകൾ ചോരുന്നത് കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അവസാന നിമിഷമാണ് പേപ്പർ ചോർന്ന വിവരം അറിയുന്നത്. തുടർച്ചയായ ചോർച്ചകൾ കാരണം നിരവധി കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ ധർമേന്ദ്ര പ്രധാൻ പരാജയപ്പെട്ടു. അദ്ദേഹം രാജിവെക്കണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. ഈ സംവിധാനം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം പ്രാപ്തനല്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് വിദ്യാർഥികളുടെ ന്യായമായ ആവശ്യമാണ്.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ യുവത്വത്തിന് ഭാവിയില്ല. കോർപ്പറേറ്റ് ജോലി എഐ കാരണം തകർന്നു’, രാഹുൽ പറഞ്ഞു. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വിദ്യാഭ്യാസം താങ്ങാനാവാത്തതായി മാറിയിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യയിലെ നീറ്റ് പരീക്ഷാർത്ഥികളുടെ വാർഷിക കൊച്ചിങ് ചിലവ് 1.32 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കിയ രാഹുൽ ഗാന്ധി, ഇത് 1.4 ലക്ഷം കോടി രൂപയുടെ വാർഷിക വിദ്യാഭ്യാസ ബജറ്റിന് ഏകദേശം തുല്യമാണെന്ന് അവകാശപ്പെട്ടു. ഈ അട്ടിമറിക്കപ്പെട്ട വ്യവസ്ഥ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പുറന്തള്ളിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഈ സംവിധാനം പണക്കാർക്ക് വേണ്ടിയുള്ളത് മാത്രമാണ്. ഇതിൽ പാവപ്പെട്ടവർക്ക് സ്ഥാനമില്ല എന്നും രാഹുൽ പറഞ്ഞു.
തിങ്കളാഴ്ച ഡൽഹിയിൽ വിദ്യാർഥികളെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച വിദ്യാർഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു.
SUMMARY: 152 leaks in 10 years; one leak every month; Rahul lashes out at the Centre
















