തിരുവനന്തപുരം: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ 12ന് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം. 12-ന് രാത്രി 12 മുതല്‍ 13ന് രാത്രി 12 വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. ഇന്ധനവില വർധനവും ഇൻഷുറൻസ് പ്രീമിയത്തിലെ വൻ തുകയുമടക്കം ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തില്‍ ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
തുടർച്ചയായ ഇന്ധനവില വർധനവും ഇൻഷുറൻസ് പ്രീമിയവും സ്‌പെയർപാർട്സുകളുടെ വിലക്കയറ്റവും കാരണം ഈ മേഖലയില്‍ തുടർന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇന്ധന നികുതി കൊള്ളയും ഇൻഷുറൻസ് തുക കൂട്ടിയ നടപടികളും മോട്ടോർ തൊഴിലാളികളുടെ ജീവിതം പട്ടിണിയിലാക്കിയിരിക്കുകയാണ്.
പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണർക്കും സർക്കാരിനും മുൻകൂട്ടി രേഖാമൂലം നിവേദനം നല്‍കിയിട്ടും അനുകൂലമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിലേക്ക് കടക്കുന്നത്. പണിമുടക്ക് ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ പ്രതിഷേധ മാർച്ച് നടക്കും. പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
SUMMARY: ‘Minimum charge should be ₹50’; 24-hour auto-taxi strike across the state on November 11















