പന്തളം: പന്തളം സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് ശിക്ഷ വിധിച്ച് കോടതി. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നല്‍കുന്നതിന് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ട മുൻസിപ്പാലിറ്റി മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും ആണ് കോടതി വിധിച്ചത്. പത്തനംതിട്ട പന്തളം മുനിസിപ്പാലിറ്റി മുൻ റവന്യു ഇൻസ്പെക്ടറും പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയുമായ റെജി ജോർജിനെയാണ് കോടതി ശിക്ഷിച്ചത്.
കൊല്ലം വിജിലൻസ് കോടതി ജഡ്ജ് മോഹിത് സിഎസിന്റേതാണ് ശിക്ഷ വിധി. Cc-18/25(VC-03/17/PtA) U/s 7 of PC ആക്‌ട് പ്രകാരം 3 വർഷവും 10,000 രൂപയും, Sce 13(1)d r/w 13(2) പ്രകാരം 4 വർഷവും 10,000 പിഴയും ഉള്‍പ്പടെ ആകെ 7 വർഷം സാധാരണ തടവിനും 20,000രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവ്.
2017നായിരുന്നു കേസിനാസ്പദമായ സംഭവം. പന്തളം സ്വദേശിയായ പരാതിക്കാരന് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് റെജി 2000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. പരാതിക്കാരൻ തനിക്ക് ലഭിച്ച കുടുംബ സ്വത്തില്‍ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പന്തളം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ സമർപ്പിച്ചിരുന്നു. ഓണർഷിപ്പ് മാറ്റി പരാതിക്കാരന്റെ പേരില്‍ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി നല്‍കണമെന്ന് റവന്യു ഇൻസ്പെക്ടറായ റെജി ജോർജ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരനില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് റെജിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് പ്രതിയായ റെജി ജോർജിനെ കൊല്ലം വിജിലൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡി.വൈ.എസ്.പിയായ പിഡി ശശി ആണ് കേസിന്റെ അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
SUMMARY: Former revenue inspector sentenced to 7 years in prison and fine for accepting Rs 30,000 bribe for issuing ownership certificate
















