കോട്ടയം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതി ഈ മാസം തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. 43 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ടി.എ 35ാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്ത് തുഗ്ലക് പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നതെന്ന് ആക്ഷേപിക്കുകയാണ് വലതുപക്ഷം. എന്നാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവും കൂട്ടരും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ പോലും 3617 പൊതുവിദ്യാലയങ്ങള്‍ സമീപകാലത്ത് അടച്ചുപൂട്ടി. പാഠ്യപദ്ധതി പരിഷ്കരണം ദോശ ചുടുന്നത് പോലെ എളുപ്പമാണെന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. സംസ്ഥാനത്ത് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹയര്‍സെക്കൻഡറി ക്ലാസുകളിലെ പാഠപുസ്തകങ്ങളുള്‍പ്പെടെ പരിഷ്കരിക്കുന്നത്. കലാ-കായിക-പ്രവൃത്തിപരിചയ മേഖലക്കു കൂടി പാഠപുസ്തക പരിഷ്കരണങ്ങളില്‍ അര്‍ഹമായ പ്രാധാന്യം നല്കി. പാഠപുസ്തകങ്ങളിലെ മതനിരപേക്ഷ ഉള്ളടക്കം എന്‍.സി.ഇ.ആര്.ടിയെ ഉപയോഗിച്ച് നിരന്തരം വെട്ടിനിരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഈ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ മതനിരപേക്ഷ ഉള്ളടക്കമുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാണ് കേരളം പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇത് രാജ്യത്തിനുള്ള കേരളത്തിന്റെ ബദലാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Accident insurance for school children from this month – Minister V. Sivankutty
















