കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം പ്രതി ഡോ. എം.കെ റാം. റാമിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
നിതിന്‍ രാജിന്റെ മരണത്തില്‍ കേസെടുത്തത് മുതല്‍ ആരോപണ വിധേയരായ അധ്യാപകര്‍ ഡോക്ടര്‍ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ സംഗീത നമ്പ്യാര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ റാം ഒരുങ്ങുന്നത്.
നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്.
സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
SUMMARY: Nithinraj’s death; Dr. Ram moves High Court seeking anticipatory bail















