ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍ 4 വിദേശികളുള്‍പ്പെടെ 16 പേരെ പോലീസ് അറസ്റ്റു ചെയ്തു. എട്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നുള്ളവരും മറ്റുള്ളവര്‍ കര്‍ണാടക സ്വദേശികളുമാണ്. ആഡുഗോഡി, ബാഗലൂര്‍, ചിക്കജാല, എച്ച്എസ്ആര്‍ ലേഔട്ട്, യശ്വന്തപുര, ജാലഹള്ളി, ജ്ഞാനഭാരതി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിവിഷനിലെയും നോര്‍ത്ത് ഡിവിഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്തപരിശോധനയിലാണ് മയക്കുമരുന്നുകളുമായി പ്രതികള്‍ പിടിയിലായത്. 9.64 കിലോഗ്രാം എംഡിഎംഎ, 5.195 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 156 ഗ്രാം ഹെറോയിന്‍, 618 ഗ്രാം ചരസ്, 332 ഗ്രാം കൊക്കെയ്ന്‍ തുടങ്ങിയവയാണു ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. വിദേശത്തുനിന്ന് താരതമ്യേന കുറഞ്ഞവില മയക്കുമരുന്നുവാങ്ങി സംസ്ഥാനത്തെത്തിച്ച് വില്‍ക്കുന്ന ശൃംഖലയില്‍പ്പെട്ടവരാണ് പിടിയിലാ യതെന്നും കോളേജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഇവര്‍ ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്നതെന്നും പോലീസ് അറിയിച്ചു.
SUMMARY: Drugs worth Rs 36.67 crore seized in Bengaluru; 16 people including 4 foreigners arrested
.















