ബെംഗളൂരു: ആട്ടിറച്ചിക്ക് പകരം പോത്തിറച്ചി കഴിക്കാൻ നൽകിയെന്ന പരാതിയിൽ ബെംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ. ബൈരതി വില്ലേജിൽ താമസിക്കുന്ന മലയാളി ജിജു അലക്സാണ്ടർ, തിപ്പണ്ണ ലേഔട്ടിൽ താമസിക്കുന്ന ഷിബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. അഭിലാഷ് എന്നൊരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.
ബൊമ്മനഹള്ളിയിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരാണ് പരാതി നൽകിയത്. റസ്റ്ററന്റിലെ ഭക്ഷണ വിവരപ്പട്ടികയിൽ ബീഫ് ഉൾപ്പെടുത്തിയിട്ടില്ലെന്നും മട്ടൻ ഓർഡർ ചെയ്യുമ്പോൾ ബീഫ് ലഭിക്കുന്നതായും ഒട്ടേറെ പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് ഇറച്ചി വാങ്ങി വിദഗ്ധ പരിശോധന നടത്തി ബീഫാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഹോട്ടൽ പോലീസ് അടപ്പിച്ചു.
















