ബെംഗളൂരു: ബെംഗളൂരുവിൽ നാർക്കോട്ടിക്സ് വിഭാഗവും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നടത്തിയ റെയ്ഡിൽ ഒരു മലയാളിയും മൂന്ന് നൈജീരിയൻ സ്വദേശികളും ഉൾപ്പെടെ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് വിപണിയിൽ ഏകദേശം 25 കോടി രൂപ വിലവരും. നൈജീരിയ സ്വദേശികളായ അംബോമോ ജോൺ വിക്ടർ എലിയാസ് വിസ്ഡം ഇകെച്ചുക്വു, ചിമെ നുബുയിസി മോസസ്, കരിക്രി ഇമോസ് എന്നിവരാണ് പിടിയിലായ വിദേശികള്‍.
ഏറ്റവും വലിയ വേട്ട നടന്നത് മദനായ്ക്കനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കും ലഹരി വിതരണം ചെയ്തിരുന്ന മൂന്ന് നൈജീരിയൻ സ്വദേശികളെ 10 കിലോ എം.ഡി.എം.എയുമായി പിടികൂടി. ഇതിന് മാത്രം 21 കോടി രൂപ വിലവരും. എച്ച്.ബി.ആർ ലേഔട്ടിൽ വെച്ച് ലഹരി വിൽപ്പന നടത്തുന്നതിനിടെ മലയാളി പ്രതിയായ മുഹമ്മദ് ഒമറുള്ള ഫാറൂഖ്, ഹാരിസ് എന്നിവരെ പോലീസ് പൊക്കി. ഇവരിൽ നിന്ന് 2 കോടി രൂപ വിലവരുന്ന 2 കിലോ ഹൈഡ്രോ കഞ്ചാവ് കണ്ടെടുത്തു.
മഡിവാള, രാജാജി നഗർ, തിലക് നഗർ, വൈറ്റ്ഫീൽഡ്, സുബ്രഹ്മണ്യ നഗർ, യെശ്വന്ത്പൂർ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പിടിയിലായവരിൽ 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ മഡിവാള പോലീസ് അറസ്റ്റ് ചെയ്ത ഗുണ്ടൽപേട്ട സ്വദേശി ദസ്തഗിരി മുൻപ് പല കവർച്ചക്കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 10 കിലോ എംഡിഎംഎ, 127 കിലോ കഞ്ചാവ്, 3 കിലോ ഹൈഡ്രോ കഞ്ചാവ്, 300 ഇ-സിഗരറ്റ്, ഹൂക്കകൾ എന്നിവയും പിടിച്ചെടുത്തു. ഒരു കാർ, 6 ടൂവീലറുകൾ, 7 മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് പൊതു വിപണിയിൽ 23 കോടി രൂപ വിലമതിക്കും. ഈ വർഷം 200 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ബംഗളൂരു പോപോലീസ് കമീഷണർ സീമന്ത് കുമാർ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.എൻ.ഡബ്ല്യു അസിസ്റ്റന്‍റ് പോലീസ് കമീഷണർ എൽ.വൈ. രാജേഷിന്‍റെ മേൽനോട്ടത്തിലുള്ള സി.സി.ബി സംഘത്തിന് കമീഷണർ ഒരു ലക്ഷം രൂപ ക്യാഷ് റിവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Huge drug bust; 17 people, including Malayalis and foreigners, arrested with drugs worth Rs 25 crore in Bengaluru
















