ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ അണ്ടർപാസ് നിർമാണ പ്രവർത്തനങ്ങൾക്ക് ദേശീയപാത അതോറിറ്റി തുടക്കമിട്ടു. പദ്ധതി പൂർത്തിയാകുന്നതോടെ ഹെബ്ബാളിൽ നിന്ന് വിമാനത്താവളം വരെയുള്ള പ്രധാനപാതയിൽ അവസാനമായി അവശേഷിക്കുന്ന ട്രാഫിക് സിഗ്നലും ഒഴിവാകുകയും പൂർണമായും സിഗ്നൽ രഹിത യാത്ര സാധ്യമാകുകയും ചെയ്യും.
ഏകദേശം 750 മീറ്റർ നീളവും ആറ് വരിപ്പാതകളുമുള്ള അണ്ടർപാസ് ഏകദേശം 35 കോടി ചെലവിലാണ് നിർമ്മിക്കുന്നത്. സദഹള്ളി ജങ്ഷനിൽ ദിവസേന അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുകയും വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിർമാണ പ്രവർത്തനങ്ങൾക്കായി സദഹള്ളി ജങ്ഷനിൽ അടുത്ത 15 മാസത്തേക്ക് രാത്രി 11 മുതൽ പുലർച്ചെ 5 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ട്രാഫിക് പോലീസ് അനുമതി നൽകിയിട്ടുണ്ട്. നിർമാണകാലത്ത് ഗതാഗതം സർവീസ് റോഡുകളിലൂടെ തിരിച്ചുവിടും. പ്രദേശവാസികൾക്ക് നഗരത്തിലേക്കുള്ള യാത്ര തടസ്സപ്പെടാതിരിക്കാൻ പ്രത്യേക കോൺക്രീറ്റ് പാതയും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹെബ്ബാൾ–വിമാനത്താവള പാതയിലെ മറ്റ് വികസന പ്രവർത്തനങ്ങളായ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷൻ സർവീസ് റോഡ്, ഹെബ്ബാൾ–ജക്കൂർ ഗതാഗത മെച്ചപ്പെടുത്തൽ പദ്ധതികൾ എന്നിവയും പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലും തടസ്സരഹിതമായും മാറുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രതീക്ഷ.
SUMMARY: Construction of Sadahalli underpass begins; Signal-free travel from Hebbal to the airport will become a reality
















