ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക സർക്കാർ. ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസൻസുകൾ കർണാടക ഭക്ഷ്യസുരക്ഷാ-മരുന്ന് നിയന്ത്രണ വകുപ്പ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. മനുഷ്യന് ഹാനികരമായ ദത്തൂര ചെടിയുടെ (ഉമ്മത്തിൻ കായ) കായും വിത്തുകളും ഓൺലൈനായി വിൽക്കാൻ വച്ചതാണ് കാരണം. ഭക്ഷ്യവസ്തുവായി ഇത് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്ലാറ്റ്ഫോമുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനും കർണാടക ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. ബെംഗളൂരു ജെസി നഗർ സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.
നൈറ്റ്ഷേഡ് കുടുംബത്തിൽപ്പെട്ട ഉമ്മം അത്യധികം വിഷാംശമുള്ള സസ്യമാണ്. കൃത്യമായി ശുദ്ധീകരിക്കാതെ ഇവ കഴിക്കുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം. ഈ പ്ലാറ്റ്ഫോമുകളിലേക്ക് വിഷക്കായകൾ വിതരണം ചെയ്ത നിർമാതാക്കൾക്കും വിൽ്്പനക്കാർക്കുമെതിരെയും കർശന നടപടിയെടുക്കാൻ ലൈസൻസിങ് അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ദത്തൂര ഉൾപ്പെടയുള്ളവ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും എതിരെ വകുപ്പ് നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിൽ ദത്തൂര വിൽപ്പനയ്ക്കുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഫുഡ് സേഫ്റ്റി ആൻ‍് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) രജിസ്ട്രേഷനും ലൈസൻസ് നമ്പരും ഉൾ പ്പെടെയായിരുന്നു ചില പ്ലാറ്റ്ഫോമുകളിൽ വിൽപന.
അതേസമയം കേസിൽ നൽകിയ നോട്ടീസിന് ആമസോൺ മറുപടി നൽകിയില്ല. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ, ഉൽപ്പന്നങ്ങൾ നീക്കം ചെയ്‌തെന്നും ‘ഭക്ഷണത്തിന് ഉപയോഗിക്കരുത്’ എന്ന ലേബലോടെ മാത്രമേ ഇനി നൽകൂ എന്നും ബിഗ് ബാസ്‌കറ്റ് അറിയിച്ചു. എന്നാൽ, ഇത് ജീവന് ഭീഷണിയാകുന്ന വിഷയമായതിനാൽ കമ്പനികളുടെ മറുപടി തൃപ്തികരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനികൾ കൃത്യമായ മറുപടിയും നിർദേശങ്ങൾ പാലിച്ചതായുള്ള റിപ്പോർട്ടും സമർപ്പിച്ചതിന് ശേഷം മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കൂ.
SUMMARY: A poisonous berry with food; Food license of Amazon, Swiggy, Big Basket platforms canceled
















