ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കുവെച്ച ഒരു വൈകാരിക ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ബാല്യകാല ഓർമ്മകളും ജീവിതയാത്രയിലെ അനുഭവങ്ങളും നിറഞ്ഞ കുറിപ്പാണ് നിരവധി പേർ ഏറ്റെടുത്തത്.
കുട്ടിക്കാലത്ത് ലഭിച്ച ചെറിയ അനുഭവങ്ങളാണ് പിന്നീട് ജീവിതത്തിലെ വലിയ മൂല്യങ്ങൾ പഠിപ്പിച്ചതെന്ന് ഡി.കെ. ശിവകുമാർ കുറിപ്പിൽ പറയുന്നു. പഠനത്തിനായി ജന്മനാടായ കനകപുരയിൽ നിന്നും ബെംഗളൂരുവിലെത്തി അമ്മയുടെ ജ്യേഷ്ഠ സഹോദരി ലിംഗമ്മയ്ക്കൊപ്പം കഴിഞ്ഞ 13 വർഷത്തെ ഓർമ്മകളാണ് ശിവകുമാർ പങ്കു വെച്ചത്. ഭാര്യ ഉഷക്കൊപ്പമാണ് ശിവകുമാർ അവരെ സന്ദർശിച്ചത്.
ഞാൻ എന്റെ ദൊഡ്ഡമ്മയെ (മൂത്തമ്മ) ഉഷയോടൊപ്പം പോയി കണ്ടു, അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു, അവരുടെ കാൽ തൊട്ടു വന്ദിച്ചു. കാലം മാറിയേക്കാം, ഉത്തരവാദിത്തങ്ങൾ വലുതായേക്കാം. പക്ഷേ, എന്റെ ദൊഡ്ഡമ്മയുടെ സംരക്ഷണയിൽ വളർന്ന ആ ദിവസങ്ങളുടെ ഓർമ്മകൾ ഒരിക്കലും മായില്ല. ഇന്ന്, ഞാൻ അവരുടെ കൈകളിൽ കൈചേര്‍ത്ത് വെച്ചിരിക്കുമ്പോൾ, അവരുടെ കണ്ണുകളിൽ കണ്ട സ്നേഹവും സന്തോഷവും എന്റെ ക്ഷീണം മറക്കാൻ എന്നെ പ്രേരിപ്പിച്ചു, എനിക്ക് വളരെയധികം മനസ്സമാധാനം നൽകി.'”എന്റെ അമ്മ ഗൗരമ്മയും ദൊഡ്ഡമ്മ ലിംഗമ്മയും തമ്മിലുള്ള അതുല്യ ബന്ധം കണ്ടു വളർന്നതിൽ ഞാൻ ഭാഗ്യവാനാണ്. ഈ രണ്ട് അമ്മമാർ തമ്മിലുള്ള നിസ്വാർത്ഥ സ്നേഹവും കുടുംബ ഐക്യവുമാണ് ഇന്നത്തെ എന്റെ ജീവിതത്തിൽ എന്റെ സഹോദരങ്ങളുമായി ഇത്രയും അടുത്തതും ശക്തവുമായ ഒരു ബന്ധം വളർത്തിയെടുക്കുന്നതിനുള്ള അടിത്തറയായി മാറിയത്. മുതിർന്നവർ കാണിച്ചുതന്ന പാതയാണ് ഇന്ന് ഞങ്ങളെ ഒരുമിച്ച് നിർത്തുന്നത്,” അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളുടെ സ്നേഹവും അധ്യാപകരുടെ മാർഗനിർദേശവും ഗ്രാമീണ ജീവിതം നൽകിയ ലാളിത്യവുമാണ് തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിജയങ്ങളും പദവികളും ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും, മനുഷ്യനെ നിലനിർത്തുന്നത് ബാല്യത്തിൽ ലഭിച്ച സംസ്കാരങ്ങളും ബന്ധങ്ങളുമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ജീവിതത്തിൽ എത്ര ഉയരത്തിലെത്തിയാലും വേരുകൾ മറക്കരുതെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
കുറിപ്പ് പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. രാഷ്ട്രീയഭേദമില്ലാതെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തിന്റെ ആത്മാർഥമായ വാക്കുകളെ അഭിനന്ദിച്ചു. ബാല്യകാല ഓർമ്മകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പലരിലും സ്വന്തം കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തിയതായും പ്രതികരണങ്ങളിൽ പറയുന്നു.
രാഷ്ട്രീയ പ്രസ്താവനകളേക്കാൾ വ്യക്തിപരമായ അനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ മൂല്യവും മുൻനിർത്തിയ ഈ കുറിപ്പ്, സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയാണ്.
SUMMARY: Karnataka Chief Minister D.K. Shivakumar’s emotional Facebook post goes viral, sharing his childhood memories
















