ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരടക്കം 7 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ബെംഗളൂരുവിലെ രാജാജിനഗർ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ദുശേഖർ എന്നയാളെയാണ് രാജാജിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ സുനിത, ഭാര്യയുടെ മാതാവ് രൂപവതി, സഹോദരങ്ങളായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഏഴു വയസ്സുകാരനായ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭാര്യയുമായുള്ള നിരന്തരമായ കുടുംബപ്രശ്നങ്ങളാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ സംശയം. ഭാര്യ സ്വന്തം കുടുംബാംഗങ്ങളുമായി ബന്ധം പുലർത്തുന്നതിലും കുടുംബാംഗങ്ങൾ ദാമ്പത്യപ്രശ്നങ്ങളിൽ ഇടപെടുന്നതിലും പ്രതിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം.
ഭാര്യ സുനിതയെ ആദ്യം കൊലപ്പെടുത്തിയ ശേഷം, ഭാര്യയുടെ സഹോദരന്മാരെ വിരുന്നിന് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. തുടർന്ന് മറ്റു കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. അരക്കല്ല് ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കാറിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ഉപേക്ഷിച്ചതായും രക്തക്കറകൾ നീക്കം ചെയ്യുന്നതിനായി രാസവസ്തുക്കൾ ഉപയോഗിച്ചതായും പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭാര്യയുടെ കുടുംബാംഗങ്ങളെ കാണാതായതിനെ തുടർന്ന് ബന്ധുവായ ഒരാൾ ശ്രീരാംപുര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ദുശേഖറിലേക്ക് പോലീസിന്റെ സംശയം നീണ്ടത്. ചോദ്യം ചെയ്യലിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ പങ്ക് പുറത്തുവരികയായിരുന്നു.
തുടർന്ന് നന്ദി ഹിൽസ് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഏഴു വയസ്സുകാരനായ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. മറ്റു ആറുപേരുടെ മൃതദേഹങ്ങൾക്കായി നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊലപാതകങ്ങളുടെ കൃത്യമായ സാഹചര്യങ്ങളും മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതിന്റെ വിശദാംശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.
SUMMARY: Mass murder in Bengaluru: Taxi driver arrested for brutally killing his wife and 6 family members.
















