ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. ഒട്ടേറെ പേർ കുടുങ്ങിക്കിടക്കുന്നെന്ന് സൂചന. മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം സ്വദേശിയും. നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ (എൻ.എച്ച്.പി.സി) സീനിയർ മാനേജരായ ജിയോളജിസ്റ്റ് അനീഷ് മോഹനെയാണ് കാണാതായണ്. ശാസ്ത്രലേഖകനും സയൻസ് വ്ലോഗറും കൂടിയാണ് അനീഷ്.
തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. തീസ്ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ ദുരന്ത പ്രതികരണ സേന, സിക്കിം ദുരന്ത പ്രതികരണ സേന, പൊലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് മീഥെയ്ൻ വാതകം ചോർന്നുവെന്ന സംശയം രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.
നാംചി ജില്ലയിലുള്ള സമർദുംഗിലെ തുരങ്കത്തിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.09 ഓടെ അപകടമുണ്ടായത്. പർഗേൽ എൻജിനീയറിങ് കമ്പനി തീസ്ത സ്റ്റേജ് -ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കമാണിത്. തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിൽ വഴി തടസ്സപ്പെടുത്തുകയും ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. വാതക ചോർച്ച, കുറഞ്ഞ ഓക്സിജൻ അളവ്, മോശം ദൃശ്യപരത, ഇടുങ്ങിയ പാത എന്നിവ രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. തുരങ്കത്തിനുള്ളിൽ മീഥെയ്നിന്റെ അളവ് വളരെ കൂടുതലാണെന്നും അതിനാൽ രക്ഷാപ്രവർത്തകർക്ക് തുരങ്കത്തിനകത്തേക്ക് കടക്കാൻ കഴിയുന്നില്ലെന്നും അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനെത്തിയ എൻഡിആർഎഫ് സംഘത്തിന് ശ്വാസതടസവും അസ്വസ്ഥകളും നേരിട്ടതോടെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് രണ്ടാമത്തെ സംഘമെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമായിട്ടില്ല.
SUMMARY: Sikkim tunnel landslide; Death toll rises to eight, Kottayam native among missing, rescue operations continue
















