തൊടുപുഴ: മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ. മൂന്നുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ, പെരിങ്കുളം എന്നിവിടങ്ങളിൽ അർധരാത്രിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. ഒരുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ആളുകൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. മുൻ എം എൽ എ പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീടിന്റെ ഒന്നാം നില വരെ വെള്ളം കയറി. ഈരാറ്റുപേട്ട നഗരത്തിലും മൊയ്ദീൻ പള്ളി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതോടെ പാല ഈരാറ്റുപേട്ട റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പാലാ നഗരത്തിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
അതേസമയം, സംസ്ഥാനത്ത് ദുരിതപെയ്ത് തുടരുകയാണ്. വിവിധ ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, പാലക്കാട്, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
SUMMARY: Heavy rain; Landslides in Idukki, Kottayam and Pathanamthitta; Three dead, one missing
















