ബെംഗളൂരു: വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ചെറുക്കുന്നതിനുമായി കർണാടക സർക്കാർ സംസ്ഥാനത്തുടനീളം പുതിയ ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി സ്കൂളുകളുടെയും പ്രീ-യൂണിവേഴ്സിറ്റി കോളജുകളുടെയും ക്യാമ്പസുകളിലും അവയുടെ 50 മീറ്റർ ചുറ്റളവിലും കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അമിതമായി അടങ്ങിയ ജങ്ക് ഫുഡുകളുടെ വിൽപ്പന, വിതരണം, പരസ്യം, പ്രചാരണം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.
പുതിയ നിർദേശപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളിൽ ജങ്ക് ഫുഡ് ഉൾപ്പെടുത്താൻ പാടില്ല. പകരം ധാന്യങ്ങൾ, റാഗി ഉൾപ്പെടെയുള്ള ചെറുധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ, പാൽ, തൈര്, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, നട്സ്, കൂടാതെ ഇഡ്ലി, ഉപ്മ, പൊഹ, ധോക്ല, കഞ്ഞി, സൂപ്പ് തുടങ്ങിയ പുതുതായി തയ്യാറാക്കിയ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് വിദ്യാർഥികൾക്ക് നൽകേണ്ടത്. എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
സ്കൂൾ പരിസരത്തും സമീപത്തും പ്രവർത്തിക്കുന്ന ബേക്കറികൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, തെരുവ് കച്ചവടക്കാർ എന്നിവർ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇവർക്ക് സാധുവായ ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാണ്. നിയമലംഘനം കണ്ടെത്തിയാൽ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കൽ, ലൈസൻസ് സസ്പെൻഡ് ചെയ്യൽ, കോടതിനടപടി എന്നിവ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മൂന്ന് ലക്ഷം രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
#WATCH | Bengaluru, Karnataka: Health and Family Welfare Minister U.T. Khader says, “We have decided that safe, quality, and healthy food should be provided to students studying in schools up to Class 12. Every school canteen must serve only safe and healthy food, and no junk… pic.twitter.com/fa7LV0MQnp
— ANI (@ANI) July 31, 2026
അതേസമയം, ഏതൊക്കെ ഭക്ഷ്യവസ്തുക്കളെയാണ് കൃത്യമായി “ജങ്ക് ഫുഡ്” വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതെന്ന പൂർണ്ണമായ പട്ടിക സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്ന മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി യു.ടി. ഖാദർ അറിയിച്ചു. സ്കൂൾ മാനേജ്മെന്റുകളും കാന്റീൻ നടത്തിപ്പുകാരും വ്യാപാരികളും പുതിയ നിർദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY:Karnataka government takes strict action against junk food near colleges
















