ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം വെട്ടിക്കൊലപ്പെടുത്തി. സയ്യിദ് സുഹൈല് ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 22ന് രാത്രി 9.45ഓടെയാണ് സംഭവം. മംഗമ്മനപാള്യ സ്വദേശിയായ സുഹൈൽ ബൊമ്മനഹള്ളിയിൽ മെഡിക്കൽ ഷോപ്പ് നടത്തി വരികയായിരുന്ന കട അടച്ച് ബൈക്കിൽ കോറമംഗലയിലേക്ക് പോകുന്നതിനിടെ മാഡിവാള അണ്ടർപാസിന് സമീപം ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോഴാണ് രണ്ട് ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ചത്. വാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സുഹൈൽ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ മഡിവാള പോലീസ് മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണത്തിൽഓഗസ്റ്റ് 23ന് അഞ്ച് പ്രധാന പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തു.
ജനുവരിയിൽ ബണ്ടേപാള്യയിൽ നടന്ന ഷബ്ബീർ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷബ്ബീറിന്റെ കൊലക്കേസിൽ സുഹൈലിന്റെ സഹോദരങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ കൊലപാതകത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പ്രതികളുടെ നീക്കങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ മുംബൈയിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Medical shop owner hacked to death in Madiwala; Six people were arrested
















