കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്‍ക്കിളിലെയും ഉദ്യോഗസ്ഥര്‍ക്കും കോട്ടയം ആന്‍റി നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.
കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവൽ, പ്രവീൺ ശിവാനന്ദ്, ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൽ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ലാലു തങ്കച്ചൻ, സന്തോഷ്. ടി, ഷിജു.കെ, സിവിൽ എക്‌സൈസ് ഓഫീസർ വിശാഖ് എ.എസ് എന്നിവർക്കാണ് സസ്‌പെൻഷൻ. ചങ്ങനാശേരിയിലെയും കോട്ടയത്തെയും ചില ബാറുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പലവിധ ക്രമക്കേട് നടക്കുന്നതായി മന്ത്രിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മിഷണർ പരിശോധനയ്ക്ക് എത്തിയത്. മന്ത്രി എം.ലിജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി ചർച്ച നടത്തിയാണ് നടപടിക്ക് നിർദ്ദേശിച്ചത്.
ബാറുകൾ സമയപരിധി കഴിഞ്ഞു പ്രവർത്തിക്കാൻ അനുമതി നൽകുകയും ബാറുടമകളിൽനിന്ന് പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റിയെന്നുമാണ് ആരോപണം. ആഗസ്റ്റ് 27ന്, ചങ്ങനാശ്ശേരി മേഖലയിലെ മൂന്ന് ബാർ ഹോട്ടലുകളിൽ അനുവദിച്ച സമയപരിധി കഴിഞ്ഞും മദ്യം വിൽക്കുന്നതായി എക്സൈസ് മന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്ന് എക്സൈസ് കമീഷണർ നടത്തിയ രഹസ്യ പരിശോധനയിൽ ഇടനിലക്കാരൻ വഴി ഡെപ്യൂട്ടി എക്സൈസ് കമീഷണർ പണവും മദ്യവും ഭക്ഷണസാധനങ്ങളും അടക്കം വാങ്ങുന്നതായി കണ്ടെത്തുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ പണം പിരിക്കൽ പതിവ് നടപടിയാണെന്നാണ് ബാറുടമയുടെ മൊഴി. പണം നൽകേണ്ട വ്യക്തികളുടെയും തുകയുടെയും വിവരങ്ങൾ അടങ്ങിയ പട്ടിക സ്ഥാപനങ്ങൾക്ക് നൽകും.
ലൈസൻസ് പുതുക്കുന്ന സമയം, ഓണം, ക്രിസ്മസ് എന്നീ അവസരങ്ങളിലായി വർഷത്തിൽ മൂന്ന് തവണയാണ് സാധാരണയായി പണം പിരിച്ചിരുന്നത്. ന്യൂയോർക്ക് സ്ക്വയർ, ബ്ലൂ സ്റ്റാർ, ബ്രീസ് ലാൻഡ്, പഞ്ചവടി എന്നീ നാല് ബാറുകളിൽ നിന്നായി കരിങ്കട ജോസിയെ ഇടനിലക്കാരനാക്കി ആകെ 55,000 രൂപ കൈപ്പറ്റിയതായി എസ്. അശോക കുമാർ സമ്മതിച്ചതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
SUMMARY: Monthly from bar owners; Suspension of seven people including Deputy Excise Commissioner
















