കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 13 മലയാളികൾ കൂടി സുരക്ഷിതരായി നാട്ടിലെത്തി. കോഴിക്കോട് കുന്നമംഗലം സ്വദേശികളായ നാലംഗ കുടുംബവും ഡാർജിലിങ്ങിലെത്തിയ നാലംഗ കുടുംബവും കാസറഗോഡ് നിന്നുള്ള അഞ്ചംഗ സംഘം എന്നിവരാണ് ഇന്ന് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി 31 പേർ മടങ്ങിയെത്തിയിരുന്നു. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘത്തിലെ 11 പേർ ഡൽഹിയിലെത്തി. ഇവർ കേരളത്തിലേക്കും മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും യാത്ര തിരിച്ചു. സംഘത്തിലെ എട്ടു മലയാളികൾ നിലവിൽ കാഠ്മണ്ഡുവിൽ സുരക്ഷിതരാണ്.
അതേസമയം കൈലാസ് മാനസസരോവർ യാത്രക്കു പോയി നേപ്പാള്‍ പ്രളയത്തിൽ കുടുങ്ങിയ കൊല്ലം സ്വദേശിയടക്കം ഏഴു പേരെ ഇനിയും ബന്ധപ്പെടാനായില്ല. ഇവരില്‍ നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുള്ളവരും ഒരാള്‍ക്ക് ബ്രിട്ടീഷ് പൗരത്വവും മറ്റൊരാൾക്ക് യു.എസ് പൗരത്വവുമാണ്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. നോർക്ക ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട 52 പേരിൽ 45 പേരും സുരക്ഷിതരാണ്. ഇവരിൽ 16 പേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മറ്റുള്ളവർ മടക്കയാത്രയ്‌ക്കുള്ള ശ്രമത്തിലാണ്.
മിന്നൽ പ്രളയം നടന്ന ഭോട്ടെകോശി നദിയിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടായി. പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ കുത്തനെ ഉയരുന്നതിനിടെയാണ് പ്രദേശങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി നദിയിൽ ജലനിരപ്പുയർന്നത്. ഇതുവരെ 768 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. 2,500ലേറെ പേരെ നേപ്പാളിലും 546 പേരെ ചൈനയിലും കാണാതായി. കാണാതായവർക്കായി ഊർജിത തിരച്ചിൽ തുടരുകയാണ്. 320 വിദേശികളടക്കം 2,502 പേരെ കാണാനില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു. ചൈനയിൽ 23 രാജ്യക്കാരായ 261 വിദേശികളടക്കം 546 പേരെയും കാണാതായി. നേപ്പാളിൽ 275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും ചൈനയിൽ 49 ഇന്ത്യക്കാരെയും കുറിച്ച് വിവരമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
SUMMARY :Nepal Lightning Flood; 13 more Malayalees have arrived home, seven Malayalees are missing
















