ബെംഗളൂരു: ആഗോള ജീവിതത്തിന്റെ ഭാഗമായി മാറുമ്പോഴും മലയാളി സ്വന്തം സംസ്കാരത്തിൽനിന്ന് അകന്നുപോകരുതെന്ന് അനീസ് സി. സി. ഒ. പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍‘ആഗോള മലയാളിയും മാറുന്ന ജീവിതവും’ എന്ന വിഷയത്തിൽ നടന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള ജീവിതം മലയാളിയുടെ ഇന്നത്തെ ജീവിതസാഹചര്യത്തിൽ അനിവാര്യമായ മാറ്റമാണെങ്കിലും, അതിനൊപ്പം സ്വന്തം ഭാഷയും സംസ്കാരവും പാരമ്പര്യവും കൈവിടരുതെന്ന് അനീസ് സി. സി. ഒ. അഭിപ്രായപ്പെട്ടു. സംസാരിക്കുകയും എഴുതുകയും സ്വന്തം സംസ്കാരത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവനാണ് മലയാളിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്കാരത്തിന്റെ ‘ബാറ്റൺ’ ഇനി ഏറ്റെടുക്കേണ്ടത് പുതിയ തലമുറയാണെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത ടോമി ജെ. ആലങ്കിൽ പറഞ്ഞു. പ്രത്യേകിച്ച് അൽഫാ തലമുറ ഉൾപ്പെടെയുള്ള പുതുതലമുറയെ സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കേണ്ടതുണ്ട്. പുതിയ തലമുറയ്ക്ക് നമ്മളേക്കാൾ നന്നായി സംസാരിക്കാനും ആശയവിനിമയം നടത്താനും കഴിയുന്നുണ്ടെങ്കിലും, സംസ്കാരത്തിലേക്ക് അവർ എത്തിനോക്കാനുള്ള അവസരങ്ങൾ ഒരുക്കേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണ്. പൊതുവെ നിശ്ശബ്ദമായി മാറിനിൽക്കുന്ന ഈ വിഭാഗത്തെ കൂടി സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാക്കണം. വിവിധ പരിപാടികളിലും സാംസ്കാരിക വേദികളിലും അവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ടോമി ജെ. ആലങ്കിൽ പറഞ്ഞു.
പി മോഹൻദാസ് അധ്യക്ഷത വഹിച്ച സെമിനാറിലെ ചർച്ചയിൽ ആർ. വി ആചാരി ,ആർ. വി. പിള്ള, പ്രഭാകരൻ. പി, ഉമേഷ് ശർമ്മ, പ്രദീപ്. പി. പി. കല്പന പ്രദീപ്,, സംസാരിച്ചു.സെക്രട്ടറി ശ്രീകണ്ഠൻ നായർ നന്ദി പറഞ്ഞു.
SUMMARY: Monthly Seminar of Thipasandra Friends Association
















